
ദോഹ: ഓട്ടിസം ബാധിതരായ കുട്ടികളിലെ പെട്ടെന്നുണ്ടാകുന്ന വൈകാരിക മാറ്റങ്ങളും മാനസികസമ്മർദ്ദങ്ങളും കൃത്യമായി തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകാൻ സഹായിക്കുന്ന നിർണ്ണായക കൃത്രിമബുദ്ധി (AI) ഉപകരണവുമായി ഖത്തർ യൂണിവേഴ്സിറ്റി (QU) ഗവേഷകർ. 'സേഫ് സിഗ്നലുകൾ' (SafeSignals) എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം ഓട്ടിസം നേരിടുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പരിചാരകർക്കും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
ഖത്തർ യൂണിവേഴ്സിറ്റി മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗം പ്രൊഫസറും പ്രോജക്റ്റ് പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററുമായ പ്രൊഫ. ജോൺ-ജോൺ കബിബിഹാന്റെ (Prof John-John Cabibihan) നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ സാങ്കേതികവിദ്യക്ക് പിന്നിൽ. അഹമ്മദ് യാസർ അൽഹദ്ദാദ്, അഹമ്മദ് ഖദൈബ്, മലക് ആയിഷ്, അബ്ദുൽ അസീസ് ഖാലിദ് അൽ അലി, കിഷോർ കുമാർ സദാശിവുണി, ഹുസൈൻ അലി എന്നിവരാണ് സംഘത്തിലെ മറ്റ് ഗവേഷകർ.കുട്ടികളുടെ മാനസിക വികാരങ്ങൾ മനസ്സിലാക്കി യഥാസമയം പരിചരണം നൽകാൻ സഹായിക്കുന്നതിനാൽ ഈ സാങ്കേതികവിദ്യ ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് പ്രൊഫ. കബിബിഹാൻ പറഞ്ഞു.
ഇതിനോടകം പേറ്റന്റ് സ്വന്തമാക്കിക്കഴിഞ്ഞ 'സേഫ് സിഗ്നൽസ്' സാങ്കേതികവിദ്യ അന്താരാഷ്ട്ര തലത്തിൽ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാനും, ആരോഗ്യമേഖലയിൽ കൂടുതൽ വിപുലമായി ഉപയോഗിക്കാനുമുള്ള പങ്കാളിത്ത ചർച്ചകളിലാണ് ഖത്തർ യൂണിവേഴ്സിറ്റി ഗവേഷണ സംഘം.











